പരവൂര്‍: റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട വിവിധ നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍ ദിവ്യകാന്ത് ചന്ദ്രകാര്‍, മറ്റ് റെയില്‍വേ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഡിവിഷന് ആസ്ഥാനത്ത് യോഗം വിളിച്ചുകൂട്ടി വിശദമായ ചര്‍ച്ച നടത്തി.
ദക്ഷിണ കേരളത്തിലെ യാത്രാസൗകര്യ വികസനത്തിന് വലിയ പ്രാധാന്യമുള്ള നിരവധി ആവശ്യങ്ങളില്‍ അനുകൂല തീരുമാനങ്ങള്‍ യോഗത്തില്‍ കൈക്കൊണ്ടു. തിരുവനന്തപുരം പേട്ടയില്‍ വഞ്ചിനാട് എക്സ്പ്രസിന് സ്ഥിരം സ്റ്റോപ്പ് അനുവദിക്കുന്നതും കഴക്കൂട്ടത്ത് ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതും യോഗത്തിലെ പ്രധാന തീരുമാനങ്ങളിലൊന്നാണ്.
പുനലൂര്‍ - കന്യാകുമാരി/ നാഗര്‍കോവില്‍ ട്രെയിന്‍ രാമേശ്വരത്തേക്ക് നീട്ടുന്നതും കൊല്ലം - തെങ്കാശി - തിരുനെല്‍വേലി റൂട്ടില്‍ പുതിയ മെമു സര്‍വീസ് ആരംഭിക്കുന്നതും പരിഗണനയില്‍ ഉള്‍പ്പെടുത്തി. മെയിന്റനന്‍സ് പിറ്റിന്റെ ലഭ്യതക്കുറവ് മൂലം സ്ഥിരമായി വൈകിയോടിക്കൊണ്ടിരിക്കുന്ന കൊല്ലം - ഈറോഡ് എക്സ്പ്രസ് മേട്ടുപ്പാളയത്തേക്ക് നീട്ടുന്ന കാര്യവും അനുകൂലമായി പരിഗണിക്കാമെന്ന് അധികൃതര്‍ അറിയിച്ചു.
ആയിരക്കണക്കിന് സ്ഥിരം യാത്രക്കാര്‍ക്ക് ഗുണകരമാകുന്ന നിലമ്പൂര്‍ റോഡ് - കോട്ടയം എക്സ്പ്രസ് കൊല്ലത്തേക്ക് നീട്ടുന്നതിന് നിലവിലുള്ള തടസങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് യോഗത്തില്‍ കര്‍ശന നിര്‍ദേശം നല്കി. റെയില്‍വേ ബോര്‍ഡ് അനുകൂലമായി തീരുമാനമെടുത്തിട്ടുള്ള പശ്ചാത്തലത്തില്‍ ഡിവിഷന്റെ നിലപാടാണ് ഇപ്പോള്‍ തടസം.
ആലപ്പുഴ - ധന്‍ബാദ് ട്രെയിന്‍ തിരുവനന്തപുരം നോര്‍ത്തിലേക്ക് നീട്ടുന്നതിനും തത്വത്തില്‍ തീരുമാനമായി. മാവേലി, മംഗലാപുരം- തിരുവനന്തപുരം എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ക്ക് ശാസ്താംകോട്ടയില്‍ സ്റ്റോപ്പ് ലഭ്യമാക്കുന്നതിനും ഇന്റര്‍സിറ്റിക്ക് തകഴിയിലും വിവേക് വേരാവല്‍ എക്സ്പ്രസുകള്‍ക്ക് ചങ്ങനാശേരിയിലും വന്ദേ ഭാരത് എക്സ്പ്രസിന് കായംകുളത്തും ജനശതാബ്ദി എക്സ്പ്രസിന് ഹരിപ്പാടും സ്റ്റോപ്പ് അനുവദിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്കി. കൂടാതെ എല്ലാ സ്പെഷല്‍ ട്രെയിനുകള്‍ക്കും ശാസ്താംകോട്ടയില്‍ സ്റ്റോപ്പ് ഉറപ്പാക്കണമെന്നും ഓപ്പറേഷന്‍സ് വിഭാഗത്തോട് നിര്‍ദേശിച്ചു.
പ്രതിദിനം 7000-ത്തില്‍ അധികം യാത്രക്കാര്‍ ഉപയോഗിക്കുന്ന ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനില്‍ അടിയന്തിരമായി എടിവിഎം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാൻ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ടെന്‍ഡര്‍ ഉടന്‍ ക്ഷണിക്കുമെന്നും ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ യോഗത്തില്‍ അറിയിച്ചു.
മാവേലിക്കര, ചെങ്ങന്നൂര്‍, ചങ്ങനാശേരി നഗരസഭകളുമായി ബന്ധപ്പെട്ട റെയില്‍വേ വിഷയങ്ങള്‍ നഗരസഭാ ചെയര്മാന്മാരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്ത് വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ എന്‍ഒസികള്‍ റെയില്‍വേ നല്കാന് യോഗത്തില്‍ തീരുമാനമായി. ശാസ്താംകോട്ട, ചെറിയനാട് റെയില്‍വേ സ്റ്റേഷനുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കരാര്‍ നല്‍കിയതായും ഉടന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
മണ്‍റോത്തുരുത്തില്‍ നിര്‍മാണത്തിലിരിക്കുന്ന ഫൂട്ട് ഓവര്‍ ബ്രിഡ്ജിന്റെ നിര്‍മാണം ജൂണ്‍ അവസാനത്തോടെ പൂര്‍ത്തിയാക്കും. റെയില്‍വേയുടെ അധീനതയിലുള്ള സ്ഥലത്ത് പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസം പദ്ധതി യാഥാര്‍ഥ്യമാക്കുന്നതും, ചെറിയനാട് റെയില്‍ നീര് പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതും യോഗത്തില്‍ തീരുമാനമായി.
വിവിധ മേല്‍പ്പാലങ്ങളുടെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിൽ പ്രത്യേക യോഗം വിളിച്ചുചേര്‍ക്കാനും തീരുമാനമായി. പുനലൂരില്‍ നിന്നും രാവിലെ ആരംഭിക്കുന്ന ട്രെയിന്‍ സര്‍വീസ് തിരുവനന്തപുരത്ത് വൈകിയെത്തുന്ന സാഹചര്യം ഒഴിവാക്കാന്‍ കര്‍ശന നിര്‍ദേശവും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്.